സൂപ്പര്‍ സ്‌കൈ! സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് കരുത്തില്‍ ഓസീസിനെ തകര്‍ത്ത് ടീം ഇന്ത്യ

ഹൈദരാബാദ്: ലോക ടി20യിലെ ഏറ്റവും മികച്ച ബാറ്ററാണെന്ന് തെളിയിച്ച് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവ്. വിരാട് കോലിക്കൊപ്പം സിക്സര്‍മഴ പൊഴിച്ച സൂര്യയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍.

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് സൂര്യകുമാറെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. സൂര്യയുടെ ഷോട്ടുകള്‍ക്ക് പേരിടാന്‍ ഐസിസി വരെ കഷ്ടപ്പെടുകയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. അങ്ങനെ നീളുന്നു സ്‌കൈയ്ക്ക് ആരാധകരുടെ പ്രശംസ. സ്‌കൈയുടെ ഷോട്ട് സെലക്ഷനുകളും അതിലെ വൈവിധ്യവുമാണ് ആരാധകരെ ഏറെ ആകര്‍ഷിച്ചത്. തന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല സൂര്യകുമാര്‍ കളിക്കുന്നത് എന്നും ആരാധകര്‍ പ്രശംസിക്കുന്നു.

നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 36 പന്തില്‍ അഞ്ച് വീതം ഫോറും സിക്സറും സഹിതം 69 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ സൂര്യ-കോലി സഖ്യം 104 റണ്‍സ് ചേര്‍ത്തതാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. 13-ാം ഓവറില്‍ ആദം സാംപയെ സിക്സിന് പറത്തി 29 പന്തിലായിരുന്നു സൂര്യകുമാര്‍ അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറിക്ക് തൊട്ടുപിന്നാലെയുള്ള പന്തും സ്‌കൈ ഗാലറിയിലെത്തിച്ചു.
സൂര്യകുമാര്‍ യാദവിനൊപ്പം വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങിയപ്പോള്‍ മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്ട്രേലിയക്കെതിരായ പരമ്ബര ഇന്ത്യ സ്വന്തമാക്കി.