സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി ശുപാർശ; ചർച്ചകൾക്ക് ശേഷമെ തീരുമാനമുണ്ടാകൂവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റിയുടെ ശുപാർശയിൽ ചർച്ചകൾക്ക് ശേഷമെ സർക്കാർ നിലപാട് സ്വീകരിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ ആദ്യമേ സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളത്. കുട്ടികൾക്ക് പഠിക്കാൻ പറ്റിയ നല്ല സമയം രാവിലെയാണെന്നും ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങൾക്ക് പ്രധാന്യം കൊടുക്കണമെന്നും ശുപാർശയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സമസ്തയുൾപ്പെടെയുള്ള സംഘടനകൾ ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിരുന്നു.

.സ്‌കൂൾ സമയം എട്ടാക്കി മാറ്റുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസാ പഠനത്തെ ബാധിക്കുമെന്ന് സമസ്ത ചൂണ്ടിക്കാട്ടി. സമസ്ത കേരള ജംഇയ്യതുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാറും റിപ്പോർട്ട് തള്ളിക്കളയണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് സ്‌കൂളുകൾ രാവിലെ പത്ത് മണി മുതലാണ് പ്രവർത്തിച്ച് തുടങ്ങുന്നത്. വർഷങ്ങളായി തുടരുന്ന സമയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും സമസ്ത അറിയിച്ചിരുന്നു.