പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ നടപടികൾ വീഡിയോ ആയി ചിത്രീകരിക്കണം എന്ന മധുവിന്റെ അമ്മ മല്ലിയുടെ ഹർജി തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. പ്രതിഭാഗം വിചാരണ നടപടികൾ അനാവശ്യമായി തടസ്സപ്പെടുത്തുന്ന സാഹചര്യമുള്ളതിനാൽ വിചാരണ വീഡിയോ ആയി പകർത്തണമെന്ന് ആവശ്യപ്പെട്ടാണ് മല്ലി കോടതിയെ സമീപിച്ചത്.
വിചാരണ വേളയിൽ കൂറുമാറിയ 36-ാം സാക്ഷിയായ അബ്ദുൾ ലത്തീഫ് ഉൾപ്പെടുന്ന വീഡിയോ ദൃശ്യം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയും തിങ്കളാഴ്ച്ച പരിഗണിക്കും. വിചാരണ വേളയിൽ കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യത്തിലുള്ളത് താനാണ് എന്നത് ലത്തീഫ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാളുടെ പാസ്പോർട്ടിലെ ഫോട്ടോയും വീഡിയോ ദൃശ്യവും ആധികാരികതയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. കേസിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ പല സാക്ഷികളും കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നേരത്തെ മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു.

