തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ 25 ശതമാനവും വൈദ്യുത വാഹനങ്ങളായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വൈദ്യുതവാഹനങ്ങൾക്കായി ജില്ലയിൽ കെഎസ്ഇബി സ്ഥാപിച്ച 145 ചാർജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കിഫ്ബി വഴി 756 കോടി രൂപ സർക്കാർ പുതിയ ബസുകൾ വാങ്ങാൻ കെഎസ്ആർടിസിയ്ക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ചാർജിംഗ് സ്റ്റേഷനുകളുടെ ദൗർലഭ്യം, ഒറ്റ ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചാൽ ജനങ്ങൾ വൈദ്യുതവാഹനങ്ങളിലേക്ക് ആകൃഷ്ടരാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ 141 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും പട്ടം വൈദ്യുതിഭവൻ, പരുത്തിപ്പാറ, നെയ്യാറ്റിൻകര, അവനവഞ്ചേരി എന്നിവിടങ്ങളിലായി നാല് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമാണ് സജ്ജമാക്കിയത്. സംസ്ഥാന വ്യാപകമായി 56 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും കെഎസ്ഇബി നിർമ്മിച്ചിട്ടുണ്ട്.

