അമേരിക്കയിലും ബ്രിട്ടനിലും കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; കണക്കുകൾ പുറത്ത്

ലണ്ടൻ: അമേരിക്കയിലും ബ്രിട്ടനിലും കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് അമേരിക്കയിലും ബ്രിട്ടണിലും വ്യാപകമായി പടർന്ന് പിടിക്കുന്നത്. ബ്രിട്ടനിൽ ഓഗസ്റ്റ് പതിനാലു മുതലുള്ള കണക്കുകളിൽ BA.4.6ന്റെ വ്യാപനം 3.3% സാമ്പിളുകളിലാണ് കണ്ടെത്തിയതെന്നും തുടർന്നിങ്ങോട്ട് ഇതിൽ 9% വർധനവുണ്ടായെന്നും യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

അമേരിക്കയിൽ പുതിയ ഉപവകഭേദത്തിന്റെ വ്യാപനം 9 ശതമാനത്തോളമാണുള്ളതെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ കണക്കുകളിലും വിശദീകരിക്കുന്നു. കോവിഡിന് കാരണമാകുന്ന രണ്ടു വ്യത്യസ്ത വകഭേദങ്ങൾ പുനഃസംയോജിച്ച് ഉണ്ടാകുന്ന വകഭേദമാണ് BA.4.6.എന്നാണ് വിലയിരുത്തൽ. ഇതിന് വ്യാപനശേഷി കൂടുതലാണ്. 2022 ജനുവരി മാസം സൗത്ത് ആഫ്രിക്കയിലാണ് BA.4 വകഭേദം ആദ്യമായി കണ്ടെത്തിയത്.

അതേസമയം, കോവിഡ് വൈറസുമായുള്ള പോരാട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും ഓരോ 44 സെക്കൻഡിലും കോവിഡ് മരണം സംഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥാനോം ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആഗോളതലത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇത് വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ, ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കോവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻഡിലും കോവിഡ് മൂലം ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.