ന്യൂഡൽഹി: അടുത്ത ഒരു വർഷം ജി 20 യുടെ അധ്യക്ഷ സ്ഥാനം നിർവ്വഹിക്കാൻ ഇന്ത്യ. 2022 ഡിസംബർ ഒന്നു മുതൽ 2023 നവംബർ 20 വരെയാണ് ഇന്ത്യ ജി 20യുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയിൽ 200 ഓളം യോഗങ്ങളാകും നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2023 സെപ്തംബർ 9,10 തീയതികളിൽ ഡൽഹിയിലാണ് ജി 20 രാജ്യത്തലവന്മാരുടെ ഉച്ചകോടി നടക്കുക. 20 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. അർജന്റീന, ബ്രസീൽ, ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയാണ് ജി 20 അംഗങ്ങൾ.

