ഇന്ത്യയില്‍ ഇലക്ട്രിക് ഹൈവേകള്‍ ഉടനെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈവേകള്‍ കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍

‘സൗരോര്‍ജം, കാറ്റ് തുടങ്ങിയ ഊര്‍ജം അടിസ്ഥാനമാക്കിയുള്ള ചാര്‍ജിംഗ് സംവിധാനങ്ങളെ സര്‍ക്കാര്‍ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. അവ സൗരോര്‍ജ്ജം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇതിലൂടെ വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാര്‍ജിങ്ങും എളുപ്പമാകും. ടോള്‍ പ്ലാസകള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇലക്ട്രിക് ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക. വാഹനങ്ങള്‍ക്ക് വൈദ്യുതോര്‍ജം വിതരണം ചെയ്യുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേ എന്നു പറയുന്നത്. വൈദ്യുതിയില്‍ ഓടുന്ന ട്രെയിനുകള്‍ പോലെ ബസുകളും ട്രക്കുകളും കാറുകളുമെല്ലാം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും പുതിയ ബിസിനസ് അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ 26 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുകയാണ്. പിഎം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്കു കീഴിലാകും ഇവയുടെ നിര്‍മാണമെന്നും അത് ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കും.’

അതേസമയം, ജര്‍മനിയാണ് ഇലക്ട്രിക് ഹൈവേ ആദ്യമായി നിര്‍മിച്ചത്. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ പെട്ടെന്നു തന്നെ റീചാര്‍ജ് ചെയ്യുപ്പെടുമെന്നതാണ് ഈ ഹൈവേയുടെ ഒരു പ്രധാന സവിശേഷത.