കൊച്ചി: പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സ് ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ കോര്‍ത്തെടുത്താണ് ഖാലിദ് റഹ്മാന്‍ ടൊവിനോയെ നായകനാക്കി ‘തല്ലുമാല’ ഒരുക്കിയത്. ചിത്രം സെപ്തംബര്‍ 11നാണ് നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയത്. ഏറെ കാഴ്ചക്കാരെ ചിത്രം ഓണ്‍ലൈനിലും ഉണ്ടാക്കുന്നു എന്നാണ് വിവിധ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, തല്ലുമാലയുടെ സബ് ടൈറ്റില്‍ ചെയ്ത കമ്ബനിയായ ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്’ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്’ എന്ന ഫേസ്ബുക്ക് പേജില്‍ നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളെയും അഭിസംബോധന ചെയ്താണ് ഇവര്‍ ഒരു തുറന്ന കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. തല്ലുമാല എന്ന ചിത്രത്തിന് വേണ്ടി ആ ചിത്രത്തിന്റെ രചിതാവിന്റെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സബ്‌ടൈറ്റില്‍ തയ്യാറാക്കി നെറ്റ്ഫ്‌ലിക്‌സിന് നല്‍കിയതെന്നും. എന്നാല്‍ പല എഡിറ്റിംഗുകളും, വെട്ടിമാറ്റലുകളും സബ് ടൈറ്റിലുകളില്‍ നടന്നിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. പ്രത്യേകിച്ച് ഗാനങ്ങളുടെ സബ് ടൈറ്റിലില്‍ വരുത്തിയ മാറ്റങ്ങള്‍ ഗാനങ്ങളുടെ അര്‍ത്ഥം തന്നെ മാറ്റിയതായി ഇവര്‍ ആരോപിക്കുന്നു.
സബ്‌ടൈറ്റ്‌ലിംഗ് ഒരു കലയാണ് അതില്‍ സബ്‌ടൈറ്റില്‍ ചെയ്യുന്ന വ്യക്തിയെ അറിയിക്കാതെ അയാളുടെ വര്‍ക്കില്‍ നടത്തുന്ന ഇടപെടല്‍ നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം എന്നാണ് ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്’ ടീം പറയുന്നത്.

