ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യു കോടതിയുടെ ഉത്തരവ്.

അതേസമയം, ജലീലിനെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിക്കാരനായ ജി എസ് മണിയുടെ ആവശ്യം. ജലീലിനെതിരെ കേരള പൊലീസ് എടുത്ത കേസില്‍ തനിക്ക് വിശ്വാസമില്ലെന്നും, ഭരണകക്ഷി എംഎല്‍എ ആയതിനാല്‍ കേസ് കേരളത്തില്‍ അട്ടിമറിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പ്പെട്ട സംഘത്തിനൊപ്പം കശ്മീര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു ജലീലിന്റെ വിവാദ ഫേസ്ബുക്ക് കുറിപ്പ്. പാക് അധിനിവേശ കാശ്മീരിനെ ‘ആസാദ് കാശ്മീര്‍’ എന്നും ഇന്ത്യയുടെ കാശ്മീരിനെ ‘ഇന്ത്യന്‍ അധീന കാശ്മീര്‍’ എന്നും വിശേഷിപ്പിച്ചതോടെയാണ് കെ.ടി ജലീലില്‍ പുലിവാല് പിടിച്ചത്. ജലീലിനെതിരെ രാജ്യദ്രോഹം ആരോപിച്ച് ബി. ജെ. പി നേതാക്കള്‍ വിവാദം ഏറ്റെടുക്കുകയായിരുന്നു. പരാമര്‍ശം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പ് ജലീല്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.