ന്യൂഡല്‍ഹി: സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാന്റെ 60 എഫ് -16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനുള്ള 450 ദശലക്ഷം ഡോളറിന്റെ (3600 കോടി രൂപ ) പാക്കേജിന് അമേരിക്കന്‍ ഭരണകൂടം അംഗീകാരം നല്‍കിയതില്‍ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. യു.എസ് വിദേശകാര്യ അസി.സെക്രട്ടറി ഡൊണാള്‍ഡ് ലൂവിനെയാണ് പ്രതിഷേധം അറിയിച്ചത്.
ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയായിട്ടും അമേരിക്ക ഇക്കാര്യം അറിയിക്കാതിരുന്നതില് ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, പാക്കേജില്‍ ആധുനിക ആയുധങ്ങളോ വെടിക്കോപ്പുകളോ ഇല്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയായ പാകിസ്ഥാനെ ശാക്തീകരിക്കാനാണ് പാക്കേജെന്നാണ് അമേരിക്കയുടെ ന്യായീകരണം. ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമാണ് പാക്കേജെന്നും ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ പാകിസ്ഥാന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് വക്താവ് വ്യക്തമാക്കി.
അതേസമയം, പാക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമാണ് എഫ് – 16. ബാലാക്കോട്ടിലെ ഭീകരക്യാമ്ബുകള്‍ ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ എഫ് -16 വിമാനം ഉപയോഗിച്ചാണ് ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനിന്റെ മിഗ് 21 വിമാനം പാകിസ്ഥാന് വീഴ്ത്തിയത്. അതിന് പ്രയോഗിച്ച അംറാം മിസൈലും അമേരിക്ക നല്കിയതായിരുന്നു. 1980കളിലാണ് അഫ്ഗാനിലെ സോവിയറ്റ് സേനയെ നേരിടാന്‍ എഫ്-16 നല്‍കിയത്. 9 /11 ഭീകരാക്രമണത്തിന് ശേഷം ഭീകര വിരുദ്ധ പോരാട്ടത്തിനായി 18 ആധുനിക എഫ് – 16 വിമാനങ്ങളും 53 വിമാനങ്ങള്‍ നവീകരിക്കാനുള്ള കിറ്റും അമേരിക്ക നല്‍കിയിരുന്നു.

