തിരുവനന്തപുരം: പതിനാലായിരം ബിപിഎല്‍ കുടുംബങ്ങളില്‍ ജൂണ്‍ 30നകം കെ ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഗുണഭോക്താക്കളുടെ പട്ടിക പോലും തയാറാക്കിയില്ല. 30000 സര്‍ക്കാര്‍ ഓഫിസുകളിലും, നിയോജകമണ്ഡലത്തില്‍ 100 വീതം സംസ്ഥാനത്താകെ 14000 ബിപിഎല്‍ കുടുംബങ്ങളിലും ഇന്റര്‍നെറ്റ് എത്തിച്ച് കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം പിന്നിട്ടുവെന്ന സര്‍ക്കാരിന്റെ അവകാശവാദമാണു ഇതോടെ പൊളിയുന്നത്.
ബിപിഎല്‍ കുടുംബങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന് എത്തിക്കുന്നതിനു സേവനദാതാവിനെ തിരഞ്ഞെടുത്തിട്ട് അഞ്ചു മാസമായി. മാസം 124 രൂപയ്ക്ക് ഒരു വീട്ടില്‍ ഒരു വര്‍ഷത്തേക്കു കണക്ഷന് കൊടുക്കാന്‍ വര്‍ഷം 2.08 കോടി രൂപയാണു സേവനദാതാവിനു സര്‍ക്കാര്‍ നല്‍കേണ്ടത്. ഇത് അനുവദിക്കണമെന്ന കെ-ഫോണിന്റെ ആവശ്യത്തിലും തീരുമാനമായില്ല. കെ-ഫോണിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വാടകയ്ക്കു നല്കി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്കു മന്ത്രിസഭാ അനുമതിയും വൈകുകയാണ്.
അതേസമയം, പട്ടിക,ജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശം ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയും തയാറായിട്ടില്ല. 20 ലക്ഷം കുടുംബങ്ങള്‍ക്കു കണക്ഷന് നല്കുമെന്നു പദ്ധതിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്, എണ്ണം 14000 ആയി കുറച്ചിട്ടും വാക്കു പാലിക്കാനാകുന്നില്ലെന്നാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം.

