ഓണത്തിന് ചെലവിട്ടത് 15,000 കോടി; സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നു

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവ ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പ്രധാന ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത് 15,000 കോടി രൂപ. കൂടാതെ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കിയിട്ടുണ്ട്.

അതേസമയം, സര്‍ക്കാരിന്റെ ശമ്പള, പെന്‍ഷന്‍ ചെലവുകളില്‍ 30 ശതമാനത്തോളം വര്‍ധന വന്നിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രഖ്യാപിച്ച പല പദ്ധതികളും കടുത്ത സാമ്പത്തിക ഭാരമാണ് രണ്ടാം പിണറായി സര്‍ക്കാരിനു മേല്‍ ചുമത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ധനക്കമ്മി നികത്താനുള്ള ഗ്രാന്റില്‍ കുറവു വരുത്തിയതും കാരണം വരുമാനത്തില്‍ 23,000 കോടി രൂപയുടെ കുറവാണ് ഇപ്പോള്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കെഎസ്ആര്‍ടിസിക്ക് നല്‍കാനായി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ആകെ 1000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് 1500 കോടി രൂപയായി ഉയരും. 4,000 കോടി രൂപ റിസര്‍വ് ബാങ്ക് വഴി സര്‍ക്കാര്‍ ഓണത്തിന് കടമെടുത്തിട്ടുണ്ട്.