പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തിൽ ആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനാഫലത്തിൽ വ്യക്തമായി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മരണത്തിന് മുൻപ് അഭിരാമി മൂന്നു വാക്സിനുകൾ സ്വീകരിച്ചിരുന്നു. ഇവ ഫലപ്രദമായിരുന്നുവെന്നാണ് പരിശോധനാഫലം സൂചിപ്പിക്കുന്നത്. അഭിരാമിയുടെ കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം തലച്ചോറിനെ ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് തന്നെ വൈറസ് വ്യാപനം ഉണ്ടായതാണ് അഭിരാമി മരണപ്പെടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അഭിരാമിയുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. തെരുവുനായയുടെ ആക്രമണത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെയാണ് റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി (12)മരിച്ചത്.. മൈലപ്ര സേക്രട്ട് ഹാർട്ട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അഭിരാമി.
കഴിഞ്ഞ 13ന് രാവിലെ അയൽവീട്ടിലേക്ക് പാൽ വാങ്ങാൻ പോയ അഭിരാമിയെ റോഡിൽ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്സിനെടുത്തു. നാലാമത്തേത് ഈ മാസം പത്തിനാണ്. അതിനിടെ വെളളിയാഴ്ച ആരോഗ്യനില മോശമാവുകയായിരുന്നു. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിക്ക് എഴുന്നേൽക്കാൻ പോലും കഴിയാതെ വന്നതോടെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

