ഏഷ്യാ കപ്പില്‍ ഇന്ത്യയെ തറപറ്റിച്ച് ശ്രീലങ്ക. ഇന്ത്യ നല്കിയ 174 റണ്‍സ് വിജയ ലക്ഷ്യം 1 പന്ത് ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കേണ്ടപ്പോള്‍ അര്‍ഷ്ദീപ് വീരോചിതായി പന്തെറിഞ്ഞുവെങ്കിലും അഞ്ചാം പന്തില്‍ ലക്ഷ്യം മറികടക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. 33 റണ്‍സുമായി ദസുന്‍ ഷനകയും 25 റണ്‍സ് നേടി ഭാനുക രാജപക്സയുമാണ് വിജയം നേടുവാന്‍ ലങ്കയെ സഹായിച്ചത്.
വിജയത്തോടെ ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. നാളെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ പാക്കിസ്ഥാന് വിജയിച്ചാല്‍ ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാനും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകും. പതും നിസ്സങ്കയും കുശല്‍ മെന്‍ഡിസും 97 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ഒരേ ഓവറില്‍ ചഹാല്‍ നിസ്സങ്കയെയും ചരിത് അസലങ്കയെയും പുറത്താക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കുശല്‍ മെന്‍ഡിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.
ധനുഷ്ക ഗുണതിലകയെ രവിചന്ദ്രന്‍ അശ്വിനും കുശല്‍ മെന്‍ഡിസിനെ യൂസുവേന്ദ്ര ചഹാലും പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്യാമ്ബില്‍ പ്രതീക്ഷ വന്നു. 57 റണ്‍സ് നേടിയാണ് മെന്‍ഡിസ് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ദസുന്‍ ഷനകയുടെ ഒരു സ്റ്റംപിംഗ് അവസരം ഋഷഭ് പന്ത് നഷ്ടപ്പെടുത്തുകയായിരുന്നു. അതേ ഓവറില്‍ ഭാനുക രാജപക്സ ചഹാലിനെ സിക്സര്‍ പറത്തിയപ്പോള്‍ 30 പന്തില്‍ 54 ആയി മാറി ശ്രീലങ്കയുടെ ലക്ഷ്യം. അടുത്ത രണ്ട് ഓവറില്‍ നിന്ന് 21 റണ്‍സ് രാജപക്സയും ഷനകയും നേടിയപ്പോള്‍ 18 പന്തില്‍ നിന്ന് 33 റണ്‍സായി ശ്രീലങ്കയുടെ ലക്ഷ്യം മാറി. ഹാര്‍ദ്ദിക് എറിഞ്ഞ 18ാം ഓവറില്‍ ദസുന്‍ ഷനക ഒരു ഫോറും സിക്സും നേടിയതോടെ ലക്ഷ്യം 12 പന്തില്‍ 21 ആയി. ഭുവി എറിഞ്ഞ 19ാം ഓവറില്‍ ദസുന്‍ ഷനക രണ്ട് ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 14 റണ്‍സാണ് വന്നത്. 34 പന്തില്‍ 64 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ രാജപക്സയും ഷനകയും ചേര്‍ന്ന് നേടിയത്.

