പ്രാർത്ഥനാ ദിവസം; നെഹ്‌റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപത

കോട്ടയം: നെഹ്‌റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി ചങ്ങനാശേരി അതിരൂപത. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്‌റു ട്രോഫിക്കായി പാർക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്നായിരുന്നു അതിരൂപതയുടെ പ്രതികരണം. വൈദിക സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞായറാഴ്ച ക്രൈസ്തവർ പ്രാർഥനയ്ക്കും ദൈവ ആരാധനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ്. ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുകയാണ്. ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന ആവശ്യവും വൈദിക സമിതി മുന്നോട്ടുവെച്ചു. പ്രമേയത്തിലൂടെയാണ് ചങ്ങനാശേരി അതിരൂപത വൈദിക സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം, നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കില്ല. ചടങ്ങിൽ പങ്കെടുക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ക്ഷണം അദ്ദേഹം നിരസിച്ചു.

ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തുന്ന അമിത് ഷാ സെപ്തംബർ മൂന്നിന് ഡൽഹിയിലേക്ക് മടങ്ങും. സെപ്തംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോഗ്രാം ചാർട്ട് പുറത്തിറങ്ങി. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിവരം.

സെപ്തംബർ രണ്ടിനാണ് അമിത് ഷാ സംസ്ഥാനത്തെത്തുന്നത്. സെപ്തംബർ നാലിന് നടക്കുന്ന മത്സരത്തിൽ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും 23 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്തംബർ മൂന്നു വരെ കോവളത്താണ് ദക്ഷിണമേഖലാ കൗൺസിൽ യോഗം നടക്കുന്നത്.