എം.വി ഗോവിന്ദന്‍ തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മില്‍ പൊതുധാരണ

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍ തല്‍ക്കാലം നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മില്‍ പൊതുധാരണയായി. മുന്‍ സെക്രട്ടറിമാരായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടര്‍ന്നാണ് എം.വി ഗോവിന്ദന്‍ എം.എല്‍.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യതയുണ്ട്. അതേസമയം, മന്ത്രിസ്ഥാനം എപ്പോള്‍ രാജി വെക്കണമെന്നതില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമാകും.

വൈദ്യുതി മന്ത്രിസ്ഥാനം രാജിവെച്ച് 1998 ഒക്ടോബറില്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ 2001ല്‍ കാലാവധി അവസാനിക്കും വരെ അദ്ദേഹം എം.എല്‍.എ സ്ഥാനവും നിലനിര്‍ത്തിയിരുന്നു. 2015ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുമ്പോഴും തലശേരിയില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ എം.വി ഗോവിന്ദനും രാജിവെക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണയും.

എന്നാല്‍, ഓണത്തിനു മുന്‍പുതന്നെ മന്ത്രിസ്ഥാനം രാജിവെക്കാനാണ് സാധ്യത. മന്ത്രിസഭാ പുനസംഘടനയും വൈകില്ല. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ സ്വാഭാവികമായും അദ്ദേഹം പൊളിറ്റ് ബ്യൂറോയുടേയും ഭാഗമാകും.