ബാബരി മസ്ജിദ് തകർത്ത കേസ്; കോടതിയലക്ഷ്യ ഹർജികൾക്ക് തീർപ്പുകൽപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജികൾക്ക് സുപ്രീം കോടതി തീർപ്പുകൽപ്പിച്ചു. അയോധ്യ ഭൂമി കേസിൽ 2019 ലെ സുപ്രിം കോടതി വിധി കണക്കിലെടുത്ത് കോടതിയലക്ഷ്യ കേസുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

മസ്ജിദ് തകർത്തത് തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹർജികളിലെ നടപടികളാണ് സുപ്രീം കോടതി തീർപ്പുകൽപ്പിച്ചത്. ഗോധ്ര സംഭവത്തിന് ശേഷമുള്ള വർഗീയ കലാപങ്ങളിൽ 9 പ്രധാന കേസുകളിൽ 8 എണ്ണത്തിലും വിചാരണ പൂർത്തിയായതും കാലക്രമേണ കേസുകൾ നിഷ്ഫലമായതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

മസ്ജിദ് പൊളിക്കുന്നതിന് മുൻപ് അയോധ്യയിൽ തൽസ്ഥിതി തുടരണമെന്ന സുപ്രിംകോടതി ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബർ ആറിന് മസ്ജിദ് തകർക്കപ്പെട്ടത്. ഇത് തടയാൻ യുപി സർക്കാരിനും പൊലീസിനും കഴിഞ്ഞില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജികൾക്കാണ് തീർപ്പായത്.