തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് സ്പീക്കറുടെ താക്കീത്. നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിലാണ് സ്പീക്കർ വീണാ ജോർജിന് താക്കീത് നൽകിയത്. പി പി ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ആവർത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിൽ ആണ് സ്പീക്കറുടെ നടപടി.
ഈ ശൈലി ആവർത്തിക്കരുത് എന്നാണ് സ്പീക്കർ ആരോഗ്യമന്ത്രിയ്ക്ക് നൽകിയ നിർദ്ദേശം. സ്പീക്കരുടെ നിർദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിക്കുകയും ചെയ്തു. കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പിപിഇ കിറ്റ് പർച്ചേസിലടക്കം ഉണ്ടായ വൻ ക്രമക്കേടുകൾ സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ചോദ്യങ്ങൾക്ക് ആരോഗ്യമന്തി നൽകിയത് ഒരേ മറുപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പരാതി നൽകിയത്.
മറുപടി മനപ്പൂർവ്വം ഒഴിവാക്കുന്നുവെന്നും വിവരം ലഭിക്കാൻ ഉള്ള അവകാശം ഇല്ലാതാകുന്നുവെന്നും കാണിച്ച് എ പി അനിൽ കുമാർ സ്പീക്കർക്ക് പരാതി നൽകി. ഈ പരാതിയിലാണ് സ്പീക്കറുടെ ഇടപെടൽ. ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി ആവർത്തിച്ചു നൽകരുതെന്നും ഇത്തരം ശൈലി ഒഴിവാക്കണമെന്നും സ്പീക്കർ നിർദ്ദേശം നൽകി.

