പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. മണ്ണിടിച്ചിൽ സാധ്യത മേഖലയിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നാണ് മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ശബരിമല വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പമ്പാ നദിയിൽ ആശങ്ക വേണ്ടെന്നും വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിൽ yellow alert പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത, നദികളിലെ ജലനിരപ്പ് എന്നിവ കണക്കിലെടുത്തുകൊണ്ട് ചൊവ്വാഴ്ച്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, മുൻ നിശ്ചയിച്ച സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മല്ലപ്പള്ളി താലൂക്കിലെ ചുങ്കപ്പാറയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ചുങ്കപ്പാറയിലെ 63 കടകളിൽ വെള്ളം കയറിയിട്ടുണ്ടെന്നും ഓണത്തിനായി സംഭരിച്ചിരുന്ന സാധനങ്ങൾ നശിച്ചതായും കളക്ടർ വ്യക്താക്കി. ഇലന്തൂർ വില്ലേജിലെ പട്ടംതറ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ഒൻപതു കുടുംബങ്ങളെ ഇലന്തൂർ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിച്ചു. വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ജില്ലയിലെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ശബരിമല വനത്തിൽ ഉരുൾപൊട്ടി. പമ്പാ ത്രിവേണി ഭാഗത്ത് മണപ്പുറത്ത് വെള്ളംകയറുകയും ചെയ്തു.

