കൊച്ചി: ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടൻ മോഹൻലാൽ. കേസ് പിൻവലിക്കാനുളള സർക്കാരിന്റെ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തളളിയതിനെ തുടർന്നാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. ആദായനികുതി വകുപ്പ് കൊച്ചിയിൽ മോഹൻലാലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. തുടർന്ന് വനംവകുപ്പ് മോഹൻലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പണം കൊടുത്താണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്റെ വാദം.
അതേസമയം, മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. മോഹൻലാലിന്റെ അപേക്ഷയെ തുടർന്നായിരുന്നു സർക്കാർ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി അറിയിച്ചായിരുന്നു ഹർജി തള്ളിയത്. മോഹൻലാൽ തുടർനടപടികൾ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

