തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക് എതിരെ അധിക്ഷേപ പരാമർശവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ എം എം മണി. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനം ഉന്നയിച്ചതിനാണ് മണി കെ കെ രമയ്‌ക്കെതിരെ രംഗത്തെത്തിയത്.
ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല എന്നായിരുന്നു എംഎം മണി പറഞ്ഞത്. അതേസമയം, മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
തോന്നിവാസം പറയരുതെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. എം എം മണി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.
പത്ത് മിനിറ്റിന് ശേഷമാണ് സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചത്. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു.

