ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പാർലമെന്റിൽ ഉപയോഗിക്കരുതാത്ത വാക്കുകളുടെ പട്ടിക ലോക്സഭാ സെക്രട്ടേറിയറ്റ് പുതുക്കി. ഇതുവരെ ഉൾപ്പെടാത്ത ചില വാക്കുകൾ അൺപാർലമെന്ററി ആക്കിയിരിക്കുകയാണ്. അഴിമതി, നാണക്കേട് തുടങ്ങിയ വാക്കുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാട്യക്കാരൻ, കോവിഡ് വ്യാപി, മന്ദബുദ്ധി, അരാജകവാദി, ശകുനി, സ്വേച്ഛാധിപതി, വിനാശപുരുഷൻ, ഖാലിസ്ഥാനി, ഇരട്ട വ്യക്തിത്വം, രക്തം കൊണ്ട് കളിക്കുന്നവൻ, ഉപയോഗ ശൂന്യമായ തുടങ്ങിയ വാക്കുകളും പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ല.
ചതി, നാട്യം, കാപട്യം, മുതലക്കണ്ണീർ, കഴുത, ഗുണ്ടായിസം, കള്ളം, അസത്യം, അഹങ്കാരി, നാടകം തുടങ്ങിയ 65 ഓളം വാക്കുകൾ ഉപയോഗിക്കരുതെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം പദങ്ങൾ പാർലമെന്റിൽ ഉപയോഗിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കും. നിർദേശങ്ങൾ ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ഭരണപക്ഷത്തിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമായാണ് നിർദേശമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മോദി സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം, ആരൊക്കെ വിലക്കിയാലും ഈ വാക്കുകളെല്ലാം ആവശ്യാനുസരണം പാർലമെന്റിൽ ഉപയോഗിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. അതിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്യാനും അദ്ദേഹം പറഞ്ഞു.

