ശ്രീലങ്കയിൽ രാജപക്സെ കുടുംബത്തിന്റെ സർവാധിപത്യത്തിന് അവസാനമായി; ജൂലൈ 20 ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും

കൊളംബോ: ശ്രീലങ്കയിൽ രാജപക്സെ കുടുംബത്തിന്റെ സർവാധിപത്യത്തിന് അവസാനമായി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാലിദ്വീപിലേക്ക് കടന്നിരിക്കുകയാണ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ. ശ്രീലങ്കയിൽ നേരിടേണ്ടി വന്നതിന് സമാനമായ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന് മാലിദ്വീപിലും നേരിടേണ്ടി വന്നത്.

അതേസമയം, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി വയ്ക്കാനും, പാർലമെന്റ് സ്പീക്കർ ആക്ടിങ് പ്രസിഡന്റായി ചുമതലയേൽക്കാനുമാണ് സർവകക്ഷിയോഗത്തിൽ തീരുമാനിച്ചത്. സർവകക്ഷി സർക്കാർ രൂപീകരിച്ചാലുടൻ മന്ത്രിമാരെല്ലാം പുതിയ സർക്കാരിന് ചുമതലകൾ കൈമാറും. സർക്കാരിനും പ്രതിപക്ഷത്തിനും തുല്യസ്വീകാര്യനായ ഒരാളെ പ്രധാനമന്ത്രിയാക്കണമെന്ന് സ്പീക്കർ മഹിന്ദ അഭയവർദ്ധനയോട് റെനിൽ വിക്രമസിംഗെ ആവശ്യപ്പെട്ടു.പാർലമെന്റിലെ വോട്ടെടുപ്പിലൂടെ, ജൂലൈ 20 ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് ശ്രീലങ്കൻ പാർട്ടി നേതാക്കളുടെ തീരുമാനം. പ്രതിപക്ഷത്തെ സജിത് പ്രേമദാസയെ ഇടക്കാല പ്രസിഡന്റായി നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്.

സമാധാനം പുനഃസ്ഥാപിക്കാൻ എന്താണോ വേണ്ടത് അത് ചെയ്യാൻ സൈന്യത്തോടും പൊലീസിനോടും ഉത്തരവിട്ടതായി ശ്രീലങ്കൻ ദേശീയ ചാനലിലൂടെ നടത്തിയ അഭിസംബോധനയിൽ വിക്രമസിംഗെ അറിയിച്ചു.