കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഇൻസർട്ട് ചെയ്തതായി ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ആക്‌സസ് ചെയ്തതിന്റെ തെളിവാണിതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും മെമ്മറി കാർഡ് ആക്‌സസ് ചെയ്തു. ഒടുവിലാണ് വിചാരണ കോടതിയിൽ മെമ്മറി കാർഡ് തുറന്ന് ദൃശ്യങ്ങൾ കണ്ടത്. മൂന്നു കോടതിയിലും അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് ആക്‌സസ് ചെയ്തത്. ദൃശ്യങ്ങൾ പ്ലേ ചെയ്ത കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും വിവരങ്ങൾ ഫോറൻസിക് റിപ്പോർിൽ വിശദീകരിക്കുന്നുണ്ട്.
മൊബൈൽ ഫോണിലാണ് വിചാരണ കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ കണ്ടത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങൾ ആക്‌സസ് ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എഫ്എസ്എൽ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം പദ്ധതിയിടുന്നത്.

