തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നത് എന്തിനെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. കേന്ദ്രമന്ത്രി എന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ പദ്ധതികൾ വിലയിരുത്തേണ്ടത് തന്റെ ചുമതലയാണെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തെ രാഷ്ട്രീയവത്കരിക്കരുത്. വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനാണ് വിവിധ സംസ്ഥാനങ്ങളിലെത്തുന്നത്. അതിന്റെ ഭാഗമായാണ് കാര്യങ്ങൾ മനസിലാക്കാൻ കേരളത്തിലുമെത്തിയത്. കേന്ദ്ര പദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രിമാർ വിലയിരുത്തിയില്ലെങ്കിൽ മന്ത്രിമാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് കരുതേണ്ടത്. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ സന്ദർശനത്തിൽ കൂടുതൽ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികൾ വിലയിരുത്താനായിരുന്നു. വീടുകളിൽ വൈദ്യുതി വന്നതും കോളനികളിൽ പദ്ധതികൾ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കിൽ അത് അവരുടെ കാഴ്ചപ്പാടാണ്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവർക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലർ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ട്. നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സർക്കാർ നടപടിയെടുക്കും. സ്വർണക്കടത്തുകേസ് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്. കേസ് സംബന്ധിച്ച നടപടികൾ നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

