ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നതെന്തിന്?; ജയശങ്കറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

‘തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ കാണാന്‍ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകും. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്‍പിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്‌ളൈ ഓവറിന്റെ നിര്‍മാണപ്പുരോഗതി ജയ്ശങ്കര്‍ വിലയിരുത്തിയത്. ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി.എല്‍.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. ജയശങ്കര്‍ മൂന്നുദിവസമാണ് തിരുവനന്തപുരത്ത് പര്യടനം നടത്തുക. ആദ്യദിവസം യുവാക്കളും വിദ്യാര്‍ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.