മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ ആവശ്യമില്ലാതെ റഫര്‍ ചെയ്യരുത്: മന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുമ്പോള്‍ റഫറല്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും അനാവശ്യ റഫറലുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാക്കുകള്‍

റഫര്‍ ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫര്‍ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫര്‍ അനുവദിക്കുകയുള്ളൂ. ഒരു രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളേജിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണം. ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാകണം റഫര്‍ ചെയ്യേണ്ടത്. ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നല്‍കിയ ചികിത്സയും റഫര്‍ ചെയ്യാനുള്ള കാരണവും അതില്‍ വ്യക്തമാക്കിയിരിക്കണം. മാസത്തിലൊരിക്കല്‍ ആശുപത്രി തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇത് പരിശോധിക്കും. ഓരോ ആശുപത്രിയിലും എത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. നിലവില്‍ താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നത് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വിദഗ്ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികള്‍ അധികമായി എത്തുന്നത് മെഡിക്കല്‍ കോളേജുകളുടെ താളം തെറ്റിക്കും. റഫറല്‍ സംവിധാനം ശക്തമാക്കുന്നതോടെ രോഗികള്‍ക്ക് കാലതാമസം കൂടാതെ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാകും. മെഡിക്കല്‍ കോളേജുകളിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി പരിചരിക്കാന്‍ ഇതിലൂടെ കഴിയും. മാത്രമല്ല മെഡിക്കല്‍ കോളേജുകള്‍ക്ക് ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാനും കഴിയുന്നതാണ്. ഇതോടൊപ്പം ബാക്ക് റഫറല്‍ സംവിധാനവും ശക്തിപ്പെടുത്തും. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് ബാക്ക് റഫര്‍ ചെയ്യും. ഇതിലൂടെ മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ ബന്ധുക്കള്‍ക്ക് അധികദൂരം യാത്ര ചെയ്യാതെ തുടര്‍ ചികിത്സ ഉറപ്പാക്കാനും സാധിക്കും. ബാക്ക് റഫറലിനായി കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുകയും വേണം.