വിവാദ പരാമര്‍ശം; ആര്‍. ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടികള്‍ക്കൊരുങ്ങുന്നു

കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്കൊരുങ്ങി പ്രോസിക്യൂഷന്‍. വിസ്താരം നടക്കുന്ന കേസില്‍ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. ശ്രീലേഖയില്‍ നിന്ന് മൊഴിയെടുക്കുന്നതും, പരാമര്‍ശത്തിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസിനെ പൂര്‍ണ്ണമായും തള്ളിയത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുന്‍ ജയില്‍ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആര്‍ ശ്രീലേഖയുടെ പരാമര്‍ശം.

ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു. ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മര്‍ദ്ദ ഫലം എന്ന് പറഞ്ഞാണ് പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നത്.