കോട്ടയം: കടുവ എന്ന ചിത്രത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ അധിക്ഷേപിക്കുന്നുവെന്ന പരാതിയിൽ മാപ്പുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ഷാജി കൈലാസും. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും ക്ഷമാപണം.
തെറ്റുപറ്റിയെന്നും മാപ്പു ചോദിക്കുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. മാപ്പ് തേടിയുള്ള ഷാജി കൈലാസിന്റെ കുറിപ്പ് ഷെയർ ചെയ്താണു പൃഥ്വിരാജ് ക്ഷമാപണം നടത്തിയത്.
താൻ സംവിധാനം ചെയ്ത കടുവ എന്ന സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് ഷാജി കൈലാസ് വ്യക്തമാക്കി. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ താനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്ന് അദ്ദേഹം അറിയിച്ചു.
വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകൾ കാലങ്ങളായി നാം കേൾക്കുന്നതാണ്. മക്കളുടെ കർമഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യർ അത് ആവർത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിൽ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് താനും. അവർ ചെറുതായൊന്ന് വീഴുമ്പോൾപ്പോലും തനിക്ക് വേദനിക്കാറുണ്ട്. അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ തനിക്ക് മനസിലാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടുവയിലെ വാക്കുകൾ മുറിവേൽപ്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകൾ കാണാനിടയായി. നിങ്ങൾക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവർക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ, മാപ്പ്….
നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ക്ഷമാപണം നടത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഞാൻ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർഥിക്കാനുള്ളത്.
അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകൾ കാലങ്ങളായി നാം കേൾക്കുന്നതാണ്. (‘പിതാക്കന്മാർ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിൾവചനം ഓർമിക്കുക) മക്കളുടെ കർമഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യർ അത് ആവർത്തിക്കുന്നു.
ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിൽ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓർമിക്കാതെ തീർത്തും സാധാരണനായ ഒരു മനുഷ്യൻ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തിൽ പറഞ്ഞ വാക്കുകൾ മാത്രമായി അതിനെ കാണുവാൻ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവർ ചെറുതായൊന്ന് വീഴുമ്പോൾപ്പോലും എനിക്ക് വേദനിക്കാറുണ്ട്.
അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകൾ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകൾ കാണാനിടയായി. നിങ്ങൾക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവർക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്….
നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ക്ഷമാപണം..

