ന്യൂഡൽഹി: ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആർഎസ്എസ് നിരോധിച്ച സംഘടനയല്ല. ആർഎസ്എസിനെ പറ്റി പറഞ്ഞാൽ തെറ്റാണെന്ന് കരുതുന്നവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയിൽ തിരുത്ത് വേണമെന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആർഎസ്എസിനെ നിയമം മൂലം നിരോധിച്ചിട്ടില്ല. ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നായിരുന്നു കൃഷ്ണദാസിന്റെ പരാമർശം. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭരണഘടനാ ഭേദഗതികൾ പ്രതീക്ഷിക്കാം. ഭരണഘടനയിൽ പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കൽപങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങളിൽ ഭരണഘടനാ ഭേദഗതി വേണമെന്നും കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.

