കുട്ടികള്‍ക്ക് ജന്മം നല്‍കൂ; ജനസംഖ്യ വര്‍ധിക്കട്ടെയെന്ന് ചൈന

ജനസംഖ്യകൂട്ടുവാനുള്ള ശ്രമവുമായി ചൈന. ജനസംഖ്യാനിയന്ത്രണം ഇല്ലാതാക്കുകയും പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിലൂടെ കൂടുതല്‍ തൊഴില്‍ ശേഷി നേടുകയാണ് ലക്ഷ്യം.

ജനസംഖ്യ തടയാന്‍ ‘ഒറ്റ കുട്ടി നയ’വും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും വന്ധീകരണവും മറ്റും രാജ്യം നടപ്പാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ചൈനയുടെ മാനവ വിഭവശേഷിയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ അല്ലെങ്കില്‍ മൂന്ന് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് ചൈനീസ് ഭരണകൂടം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2021 അവസാനത്തോടെ ചൈനയില്‍ 141 കോടി ജനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഇതേ വര്‍ഷം നവജാത ശിശുക്കളുടെ എണ്ണം 1.60 കോടിയായി കുറഞ്ഞു. ഇത് ചൈനയിലെ മരണനിരക്കിന് തുല്യമായി വരും.

അവിവാഹിതരായ ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ ചൈനയില്‍ കടുത്ത വിവേചനം നേരിടുന്നതായി പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ചൈനയില്‍ ഇപ്പോള്‍ മരണത്തേക്കാള്‍ കുറഞ്ഞ അളവില്‍ ജനനം സംഭവിക്കുന്നുവെന്നത് രാജ്യത്തെ ജനസംഖ്യ കുറയുന്നതിന് കാരണമാകും എന്ന് തിരിച്ചറിഞ്ഞതാണ് പുതിയ നടപടികള്‍ക്കു പിന്നില്‍. ജനന നിരക്ക് കുറഞ്ഞാല്‍ യുവാക്കളുടെ എണ്ണം കുറയും ഇത് ഭാവിയില്‍ ചൈനയുടെ തൊഴില്‍ ശക്തിയെ ഗണ്യമായി ബാധിക്കുമെന്നും വിലയിരുത്തുന്നു. രാജ്യത്തെ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ട് നില്‍ക്കുന്നവരുമാണെന്നതിനാല്‍ തന്നെ പല സ്ത്രീകളും വിവാഹവും കുടുംബവും കുട്ടികളും ഒരു ബാധ്യതയായിട്ടാണ് കണക്കാക്കുന്നത്.