തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
പെട്രോളൊഴിച്ചാണ് തീ കത്തിച്ചത് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ചില കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളത്. 2018 ഒക്ടോബർ 27 നാണ് കേസിനാസ്പദമായ സംഭവം ടന്നത്. കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലാണ് തീവെച്ചത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘം കേസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണം തുടങ്ങിയിട്ട് 3 വർഷവും 8 മാസവുമായിട്ടും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
സംഭവം നടക്കുമ്പോൾ ആശ്രമത്തിലെ സിസിടിവി പ്രവർത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിടുകയും ചെയ്തിരുന്നില്ല. ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ സന്ദീപാനന്ദഗിരി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരിൽ സംഘപരിവാർ സംഘടനകളാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആരോപണം.
അതേസമയം, സംഭവത്തിൽ പൊലീസിനെതിരെ സന്ദീപാനന്ദ ഗിരി രംഗത്തെത്തി. പൊലീസ് തെളിവു നശിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

