അ​ഗ്നിവീരന്മാർ നാലു വർഷം വിലയിരുത്തപ്പെടും; തുടർന്നായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയെന്ന് ഇന്ത്യൻ ആർമി വൈസ് ചീഫ്

ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ ഇന്ത്യൻ സായുധ സേനയിൽ ചേരുന്നവരെ സ്ഥിരം സൈനികരായി തിരഞ്ഞെടുക്കണമെങ്കിൽ 4 വർഷക്കാലം അവർ തുടർച്ചയായി വിലയിരുത്തപ്പെടുമെന്ന് ഇന്ത്യൻ ആർമി വൈസ് ചീഫ് ആയ ലഫ്റ്റനന്റ് ജനറൽ ബിഎസ് രാജു. ഇതേത്തുടർന്നായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഗ്നിവീരൻമാരിൽ 25 ശതമാനം പേർക്കും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ തുടരാമെന്നും അദ്ദേഹം പറഞ്ഞു.

അഗ്നിപഥ് പദ്ധതിയിലൂടെയുള്ള ഓരോ സേവനങ്ങൾക്കുമായുള്ള റിക്രൂട്ട്‌മെന്റിന് ഞങ്ങൾ പ്രത്യേകം വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. അവർ തുടർച്ചയായി വിലയിരുത്തപ്പെടും. ആറ് മാസത്തെ പരിശീലന കാലയളവ് അവസാനിക്കുമ്പോഴാകും ആദ്യ വിലയിരുത്തൽ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ക്ഷമത, ഫയറിംഗ് കഴിവുകൾ, മറ്റ് പ്രകടനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഓരോ വർഷാവസാനത്തിലും അഗ്നിവീരന്മാരുടെ വിലയിരുത്തൽ നടത്തുക. പ്ലാറ്റൂൺ കമാൻഡർ, കമ്പനി കമാൻഡർ, കമാൻഡിംഗ് ഓഫീസർ എന്നിവരുമായി എങ്ങനെയാണ് ഇടപഴകുന്നത് എന്നതും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

അഗ്നിപഥ് പദ്ധതിയിലൂടെ കോർപ്സ് ഓഫ് മിലിട്ടറി പോലീസിൽ വനിതകൾക്കും പ്രവേശനം നേടാം. മറ്റ് റിക്രൂട്ട്മെന്റുകൾ പോലെ തന്നെയായിരിക്കും സിഎംപിയിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.