നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടിക്കൊന്നു; വാർത്ത ദു:ഖകരമെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ധോണിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വാർത്ത വളരെയേറെ ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള നിർദ്ദേശം അദ്ദേഹം ഉദ്യോഗസ്ഥർക്കും വനം വകുപ്പിനും നൽകിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് പാലക്കാട് ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു. അകത്തേത്തറ, പുതുപെരിയാരം പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പയറ്റാംകുന്ന് സ്വദേശി ശിവരാമനെയാണ് കാട്ടാന ചവിട്ടി കൊന്നത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്.