ജി20 യോഗം ജമ്മു കശ്മീരിൽ സംഘടിപ്പിക്കുന്നതിനെതിരെ ചൈന; കശ്മീരിൽ മാത്രമല്ല, ലഡാക്കിൽ കൂടി നടത്തുമെന്ന് ഇന്ത്യ

ന്യൂഡൽഹി:അടുത്ത വർഷം ജി20 യോഗം ജമ്മു കശ്മീരിൽ സംഘടിപ്പിക്കുന്നതിനെതിരെ ചൈന രംഗത്തെത്തിയതോടെ തീരുമാനത്തിൽ ഉറച്ച് മുന്നോട്ടു പോകാനൊരുങ്ങി കേന്ദ്ര സർക്കാർ. ജി20 സമ്മേളനം കശ്മീരിൽ മാത്രമല്ല, ലഡാക്കിൽ കൂടി നടത്തുമെന്നാണ് മോദി സർക്കാരിന്റെ പ്രഖ്യാപനം. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായി എങ്ങിനെ സുഗമമായി പ്രവർത്തിക്കുന്നു എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ജി 20 യോഗം ജമ്മു കശ്മീരിൽ സംഘടിപ്പിക്കുന്നത്. യുഎസ്, യുകെ, അർജന്റീന, ആസ്‌ത്രേല്യ, ബ്രസീൽ, കാനഡ, ജർമ്മനി, ഫ്രാൻസ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, റഷ്യ, സൗദി, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാഷ്ട്രങ്ങൾ ജി20യുടെ ഭാഗമാണ്.

അതേസമയം, കശ്മീരിൽ ജി20 യോഗം സംഘടിപ്പിച്ച് കാര്യങ്ങൾ രാഷ്ട്രീയവൽക്കരിക്കാൻ നിൽക്കരുതെന്നാണ് ചൈന അഭിപ്രായപ്പെടുന്നത്. ലഡാക്കിലെ ലഫ്. ജനറൽ ആർ.കെ. മതുവ വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ സമ്മേളനത്തിന്റെ കാര്യങ്ങൾക്കായി സീനിയർ ഉദ്യോഗസ്ഥരെ നിയമിക്കാൻ അനുമതി തേടിയിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജി 20യുടെ അധ്യക്ഷ പദവി ഇന്ത്യ 2022 ഡിസംബറിൽ ഏറ്റെടുക്കും. ജമ്മുകശ്മീരിലും ലഡാക്കിലും 2023 ലാണ് ജി20 സമ്മേളനം സംഘടിപ്പിക്കുന്നത്.