ന്യൂഡൽഹി: രാജിവെച്ച മുക്താർ അബ്ബാസ് നഖ്വിയുടെ വകുപ്പുകൾ സ്മൃതി ഇറാനിക്ക്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി രാജിവച്ച ഒഴിവിലാണ് ആ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മൃതി ഇറാനിക്ക് നൽകിയത്. ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ആർസിപി സിംഗ് രാജിവെച്ചതോടെ ആ വകുപ്പ് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകിയിരിക്കുകയാണ്.
അതേസമയം, ബുധനാഴ്ച്ച രാവിലെ നഖ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയെയും സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുക്താർ അബ്ബാസ് നഖ്വി രാജിവെച്ചത്. നഖ്വിയുടെ രാജ്യസഭാ കാലാവധി വ്യാഴാഴ്ച്ച അവസാനിക്കുകയാണ്. അടുത്ത ടേമിലേയ്ക്ക് ബിജെപി നഖ്വിയെ നാമകരണം ചെയ്തിട്ടില്ല.
രാജ്യസഭയിലേക്ക് മൂന്നു ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും അദ്ദേഹത്തിന് സീറ്റു നൽകാത്തതെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

