തിരുവനന്തപുരം: സജി ചെറിയാൻ വിഷയം കോടതി പരിഗണിക്കുന്നതുവരെ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സജി ചെറിയാന്റെ രാജിയിൽ അന്തിമ തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സജി ചെറിയാന്റെ രാജിയുമായി ബന്ധപ്പെട്ട് സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം, സജി ചെറിയാന്റെ രാജിയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടേയെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. വാക്കുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാനോട് സിപിഎം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന വിധത്തിൽ പ്രതികരിക്കരുതെന്നും സിപിഎം വ്യക്തമാക്കി. എന്നാൽ, ഭരണഘടനക്കെതിരായ വിവാദ പരാമർശത്തിൽ താൻ എന്തിന് രാജിവെക്കണമെന്ന് സജി ചെറിയാൻ ചോദിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎമ്മിന്റെ അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജിവെക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
വിവാദത്തിൽ തന്റെ പ്രതികരണം കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അർഥം നൽകി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയിൽ സജി ചെറിയാൻ വിശദീകരിച്ചത്. ഇന്ന് നിയമസഭ എട്ട് മിനിട്ട് മാത്രമാണ് ചേർന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

