നായകനായ ആദ്യ ടെസ്റ്റില്‍ തന്നെ നേട്ടങ്ങളോരോന്നും സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ് ബുമ്ര. നേരത്തെ ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ഇതിഹാസ താരം കപില്‍ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പേസ്ബൌളറെന്ന നേട്ടം ബുമ്ര സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോര്‍ഡും. ഇപ്പോള്‍ ഇതിഹാസ താരം കപില്‍ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ബുമ്ര തിരുത്തി.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസ് ബൌളറെന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലായിരിക്കുന്നത്. കപില്‍ ദേവിന്റെ പേരിലായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ്. 1981-82 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ 22 വിക്കറ്റുകളായിരുന്നു കപിലിന്റെ നേട്ടം. ബാറ്റിങ് റെക്കോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ 84-ാം ഓവറില്‍ ബുമ്ര അടിച്ചുകൂട്ടിയ 29 റണ്‍സ് ഉള്‍പ്പെടെ ഇംഗ്ലീഷ് പേസര്‍ വഴങ്ങിയത് 35 റണ്‍സാണ്- ആറു എക്സ്ട്രാ റണ്‍സാണ് ബ്രോഡ് ഇന്ത്യക്ക് സമ്മാനിച്ചത്. നാലു ഫോറും രണ്ടു സിക്സും ഒരു സിംഗിളുമാണ് ബുമ്ര ഓവറില്‍ നേടിയത്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ഇതോടെ ബുമ്ര സ്വന്തം പേരിലാക്കിയത്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെന്ന മോശം റെക്കോര്‍ഡ് ബ്രോഡിന്റെ പേരിലുമായി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് മുക്തനാകാത്തതിനെത്തുടര്‍ന്നാണ് ബുമ്രക്ക് ക്യാപ്റ്റന്‍ ക്യാപ് ലഭിക്കുന്നത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യ പേസ് ബൗളറാണ് ജസ്പ്രീത് ബുമ്ര. നേരത്തെ അനില്‍ കുംബ്ലെ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്പിന്നറായിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പേസ് ബോളര്‍മാര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അങ്ങനെയൊരു അവസരം ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ പേസര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ചുമത്സര പരമ്ബരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. അഈ പരമ്ബരയില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര, ഒരു ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസ് ബൌളറെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

