കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ; ആയിരത്തോളം കൊടും ക്രിമിനലുകളെ ജയിലഴിക്കുള്ളിലാക്കി

ലക്നൗ: ഉത്തർപ്രദേശിൽ രണ്ടാം തവണയും അധികാരത്തിലേറി നൂറാം ദിവസത്തിലേക്ക് അടുക്കുകയാണ് യോഗി സർക്കാർ. ജനക്ഷേമപരമായ നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങൾക്കായി നടപ്പിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ക്രമസമാധാന പാലനത്തിൽ വളരെയേറെ മുന്നേറാൻ യോഗി സർക്കാരിന് സർക്കാരിന് കഴിഞ്ഞു. മാർച്ച് 25 മുതൽ ജൂലായ് ഒന്ന് വരെ 525 എൻകൗണ്ടറുകളാണ് പൊലീസ് സംസ്ഥാനത്ത് നടത്തിയത്. 1034 കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലുകൾക്കിടെ 425 കുറ്റവാളികൾക്ക് പരിക്കേറ്റു. അഞ്ച് പേരെ വധിച്ചു. 68 പൊലീസുകാർക്കും ഇതിനിടെ പരിക്കേറ്റിട്ടുണ്ട്.

50 ഓളം മാഫിയകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി രണ്ടാം യോഗി സർക്കാർ കണ്ടെത്തി. ഇവരിൽ നിന്നെല്ലാമായി 190 കോടിയുടെ സ്വത്തുവകകൾ പിടികൂടി. ഗുണ്ടാനിയമ പ്രകാരം 582 സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. പന്ത്രണ്ടോളം ഗുണ്ടാസംഘങ്ങളിൽ നിന്നും 92 കോടിയുടെ വസ്തുവകകൾ കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് മാഫിയകൾ 2433 ആണ്. 17,169 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1645 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഇതിൽ 36 പേർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്.