തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിക്കും; അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടമെന്ന് അമിത് ഷാ

ന്യൂഡൽഹി: തെലങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു കുടുംബത്തിന്റെ മാത്രം പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹൈദരാബാദിൽ നടക്കുന്ന ബിജെപി നിർവ്വാഹക സമിതി യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവ വലിയ പാപങ്ങളാണ്. രാജ്യം വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോൺഗ്രസിന് മോദി ഫോബിയ ആണെന്നും അമിത് ഷാ പറഞ്ഞു.

അടുത്ത നാൽപ്പത് വർഷം ബിജെപിയുടെ കാലഘട്ടമാണ്. ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമാണ്. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർത്തു കൊണ്ടേയിരിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് , കശ്മീരിലെ 370, വാക്സിനേഷൻ. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോൺഗ്രസ് എതിർത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി പ്രധാനമന്ത്രി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്. ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുന്നിൽ വിശ്വ ഗുരു ആകും. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഒരുതവണ ദളിത് വിഭാഗത്തിൽ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.