പി സി ജോർജിന് ജാമ്യം; പരാതിക്കാരിയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്ന് ഉപാധി

തിരുവനന്തപുരം: പീഡന പരാതിയിൽ അറസ്റ്റിലായ പി സി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാണ് പിസിയ്ക്ക് ജാമ്യം അനുവദിച്ചത്.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ മൂന്നു മാസം വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്കും ഒരു മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. പരാതിക്കാരിയോ സാക്ഷികളെയോ സ്വാധീനിക്കരുത് എന്ന ഉപാധിയും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേസമയം, പി സി ജോർജിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പി സി ജോർജ് നിലവിൽ ഒമ്പത് കേസുകളിൽ പ്രതിയാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവർ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇതെന്നും പി സി ജോർജ് ഹൃദ്രോഗിയാണ്, രക്തസമ്മർദ്ദമുണ്ടെന്നും ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി.ജോർജിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.