കൊച്ചി മെട്രോയുടെ പരിധിക്കുള്ളില്‍ ആഡംബര നികുതി കൂട്ടാനുള്ള നീക്കം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

കൊച്ചി: സംസ്ഥാനത്തെ ഒരു പ്രദേശത്ത് മാത്രം അധിക നികുതി ഈടാക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ പരിഗണിച്ച് കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആഡംബര നികുതി കൂട്ടാനുള്ള നീക്കം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. മെട്രോ സെസായോ പ്രത്യേക നികുതി ചട്ടമായോ ഭേദഗതി ഇത് കൊണ്ട് വരാന്‍ ശ്രമിച്ചാലും സര്‍ക്കാരിന് നേരിടേണ്ടി വരിക വലിയ നിയമ പ്രശ്‌നങ്ങളാകും.

മെട്രോ പാതയ്ക്കും, സ്റ്റേഷനും 1 കിലോ മീറ്റര്‍ പരിധിയില്‍ ആഡംബര നികുതി നല്‍കുന്ന വീടുകള്‍ക്ക് 50 ശതമാനം അധിക നികുതി കൂട്ടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് കഴിഞ്ഞ ഇരുപതാം തിയതി കണയന്നൂര്‍ തഹസില്‍ദാര്‍ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍, താലൂക്ക് തലത്തില്‍ നിരവധി പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെയാണ് തീരുമാനം നടപ്പിലാക്കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, മെട്രോ നിര്‍മ്മാണത്തിന് മുന്‍പാണ് വീട് പണിതതെന്ന് ഉള്‍പ്പടെ ചൂണ്ടിക്കാട്ടി പ്രശ്‌നം ബാധിക്കുന്നവരും കോടതിയിലെത്താന്‍ സാധ്യതയുണ്ട്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ കൊച്ചി മെട്രോ കടന്ന് പോകുന്ന 22 കിലോമീറ്റര്‍ പാതയിലെ ഒരു കിലോ മീറ്ററിനുള്ളില്‍ ആഡംബര നികുതി പരിധിയില്‍ വരുന്ന എത്ര വീടുകള്‍ ഉണ്ടെന്നതില്‍ താലൂക്ക് ഓഫീസുകളില്‍ വ്യക്തതയില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലാണ് ആഡംബര നികുതി നല്‍കുന്ന വീടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.