പാലക്കാട്: പേവിഷ ബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിശദീകരണവുമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ. മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്നാണ് ഡിഎംഒ പറയുന്നത്. വാക്സിൻ നൽകിയതിൽ അപാകതയില്ലെന്നും ഡിഎംഒ വ്യക്തമാക്കി. വാക്സിന്റെ ഗുണനിലവാരത്തിലോ വാക്സിൻ എടുത്തതിലോ പോരായ്മ ഉണ്ടായിട്ടില്ല. കടിച്ച പട്ടിക്ക് വാക്സിൻ നൽകിയിട്ടില്ല. റാപ്പിഡ് റെസ്പോൺസ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ അറിയിച്ചു.വാക്സിൻ എടുത്തിട്ടും മരണം സംഭവിച്ചതോടെയാണ് വിശദീകരണവുമായി ഡിഎംഒ രംഗത്തെത്തിയത്.
പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് കഴിഞ്ഞ ദിവസം ചികിത്സയിൽ കഴിയവെ മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. എന്നാൽ പിന്നീട് ശ്രീലക്ഷ്മിയ്ക്ക് പനി അനുഭവപ്പെട്ടു. കോളേജിൽ പോയിരുന്ന ശ്രീലക്ഷ്മി വീട്ടിലെത്തി വെള്ളം കുടിച്ചപ്പോഴാണ് പേവിഷ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. തുടർന്ന് ശ്രീലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായ ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിർദേശിച്ച നാല് വാക്സിനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം, അപൂർവ്വമായി ചില ആളുകളിൽ വാക്സിൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

