പൃഥ്വിരാജിന്റെ ‘കടുവ’ ദുബൈയില്‍ ആകാശത്ത് തെളിഞ്ഞു

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ദുബായ്‌യില്‍ ആകാശത്ത് ചിത്രത്തിന്റെ ഡ്രോണ്‍ പ്രദര്‍ശനം നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവുമൊക്കെ തെളിയിക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രമോഷന്‍ ഇത്തരത്തില്‍ നടക്കുന്നത്.

സിനിമയുടെ പേരും രൂപവും തെളിഞ്ഞു എന്നതിനേക്കാള്‍ ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞു വന്നതിനാലാണ് താന്‍ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഡ്രോണ്‍ പ്രദര്‍ശനത്തിന്റെ വീഡിയോ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു .

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് ആയിരിക്കും റിലീസ് ചെയ്യുക. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘കടുവ’ എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു.