മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഉദ്ധവ് താക്കറെ ഒരുങ്ങുന്നുവെന്ന് സൂചന. ഗുവാഹത്തിയിലെ ഹോട്ടലില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്.
അതേസമയം, വിമത എംഎല്‍എമാരുടെ ദൃശ്യങ്ങള്‍ ഏക്നാഥ് ഷിന്‍ഡെ പുറത്തുവിട്ടു. 42 എംഎല്‍എമാരെ കൂടാതെ ഏഴുപേര്‍ കൂടി ക്യാമ്പില്‍ എത്തിയിട്ടുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. ഗുവാഹത്തി ഹോട്ടലില്‍ നിന്നുള്ള ചിത്രമാണ് പുറത്ത് വിട്ടത്. വിമത വിഭാഗം ശക്തിപ്പെടുത്തുകയാണ് ശിവസേന അതിന് തെളിവാണ് തനിക്കൊപ്പമുള്ള എം എല്‍ എ മാരുടെ ചിത്രം ഏക്നാഥ് ഷിന്‍ഡെ പുറത്തുവിട്ടത്. എന്നാല്‍, 14 എംഎല്‍എ മാരാണ് നിലവില്‍ താക്കറെ പക്ഷത്തുള്ളത്.
രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നില്‍ വേറെ വഴികളില്ലെന്നാണ് ഷിന്‍ഡെ പക്ഷം പറയുന്നത്. എട്ട് മന്ത്രിസ്ഥാനങ്ങള്‍, രണ്ട് സഹമന്ത്രിപദവികള്‍, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിന്‍ഡേയ്ക്ക് മുന്നില്‍ ബിജെപി വച്ചിരിക്കുന്ന ഓഫറുകള്‍. അതേസമയം, ശിവസേന എംഎല്‍എമാരില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും, ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതര്‍ സമീപിക്കും. എന്നാല്‍, ബിജെപിയിലേക്ക് ലയിക്കണമെന്ന ആവശ്യം ഏകനാഥ് ഷിന്‍ഡെ അംഗീകരിച്ചില്ല. ശിവസേന പ്രവര്‍ത്തകനായി നിന്നുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യം ചേര്‍ന്ന്, അധികാരത്തില്‍ എത്താനാണ് ഷിന്‍ഡെയുടെ നീക്കം.

