മികച്ച അമേരിക്കന്‍ പ്രസിഡന്റായി ട്രംപ്; ബൈഡനെ ഔട്ടാക്കി ഇസ്രയേലിലെ അഭിപ്രായ സര്‍വേ

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ ജനപ്രിയനും മികച്ച ഭരണാധികാരിയും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നെന്ന് വിലയിരുത്തല്‍. 18 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ട്രംപിനെ പിന്തുണക്കുന്ന ഏക രാജ്യവും ഇസ്രയേലാണെന്ന പ്രത്യേകതയുണ്ട്. ഫെബ്രുവരി 14 മുതല്‍ മെയ് 11 വരെയായിരുന്നു സര്‍വേ.

അമേരിക്ക, നാറ്റോ, റഷ്യ എന്നിവയുടെ നേര്‍ക്കുള്ള അന്താരാഷ്ട്ര നിലപാട് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു സര്‍വേ സംഘടിപ്പിച്ചത്. ഇസ്രയേലില്‍ നടത്തിയ സര്‍വേയില്‍ പത്തില്‍ ആറ് ഇസ്രയേലികള്‍ മാത്രമാണ് ബൈഡനെ പിന്തുണച്ചത്, അതായത് 60 ശതമാനം പിന്തുണ. എന്നാല്‍, 2019ല്‍ നടത്തിയ ഇതേ സര്‍വേയില്‍ 71 ശതമാനം പേരും ട്രംപിനെ പിന്തുണച്ചിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവര്‍ക്ക് 38 ശതമാനം പിന്തുണ മാത്രമാണ് ഇസ്രയേലില്‍ ലഭിച്ചത്.

അതേസമയം, യു.എസ് പ്രസിഡന്റായി ബൈഡന്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ഇസ്രയേലും സൗദിയും സന്ദര്‍ശിക്കാനിരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് സര്‍വേഫലം പുറത്തു വന്നിരിക്കുന്നത്. ‘അമേരിക്കന്‍ പ്രസിഡന്റുമാരെക്കുറിച്ചുള്ള ഇസ്രയേലികളുടെ നിലപാട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മാറി വരുന്നുണ്ട്. എന്നാല്‍, അമേരിക്കയ്ക്ക് നേരെ മൊത്തത്തിലുള്ള ആറ്റിറ്റിയൂഡ് അനുകൂലമായി നിലനില്‍ക്കുന്നുണ്ട്’- സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.