കൊവിഡ് കുതിക്കുന്നു; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചു. ഓഫ്‌ലൈനിലായിരിക്കും യോഗം. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപന നിരക്കില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

അതേസമയം, കഴിഞ്ഞ ജൂണ്‍ 13ന് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ചേര്‍ത്ത് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അദ്ദേഹം ഒരു യോഗം വിളിച്ചിരുന്നു. ‘കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്, കൂടാതെ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് നിയന്ത്രണം പാലിക്കാന്‍ മറക്കരുത്’- മന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ, എന്‍സിഡിസി ഡയറക്ടര്‍ സുജീത് സിംഗ്, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് എസ് ഗോഖലെ, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി എസ് അപര്‍ണ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.