തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിൽ വീഴച ഉണ്ടായോ, ശസ്ത്രക്രിയയിൽ പിഴവ് ഉണ്ടായോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് വീണാ ജോർജ് തള്ളിയത്. കുറ്റം കണ്ടെത്തിയാൽ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എ ആവശ്യപ്പെട്ടിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസിന്റെ അന്വേഷണം നടക്കുന്നുണ്ട്. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. ശസ്ത്രക്രിയ വൈകിയോ എന്നതടക്കം പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മനസിലാകു.
അതേസമയം ഡോക്ടർമാർ ഉന്നയിച്ച ഗൂഢാലോചന വാദം ആരോഗ്യമന്ത്രി അംഗീകരിക്കുന്നില്ല. ഇത്രയും വലിയ സംവിധാനം ഒരുക്കുമ്പോൾ തെറ്റ് പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ചികിത്സ അതിവേഗം ലഭ്യമാക്കാൻ റെഡ് ടാഗ് സംവിധാനം എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും ഏർപ്പെടുത്തും. എമർജൻസി വിഭാഗം പ്രവർത്തനം തുടങ്ങിയ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

