മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ നിന്ന് ബാഗുകൾ പുറത്തേക്ക് കൊണ്ടുപോയി. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ദവ് താക്കറെയും കുടുംബവും മടങ്ങുന്നത്. ശിവസേനയുടെ നൂറുകണക്കിന് പ്രവർത്തകരാണ് ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
അതേസമയം, പ്രശ്നപരിഹാരത്തിനായി ശരദ് പവാർ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ശരദ് പവാറും നാനാ പട്ടേളയും കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ശരദ് പവാർ വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ ഷിൻഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഒരു വിമത എംഎൽഎയെങ്കിലും മുഖത്ത് നോക്കി പറഞ്ഞാൽ രാജിവയ്ക്കാമെന്നാണ് ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാർ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.