കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപു ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതിന് എന്തുനടപടിയാണ് വേണ്ടതെന്നതിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഓഫീസർമാർക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നുണ്ടെന്നും ശമ്പളത്തിന്റെ കാര്യത്തിൽ വിവേചനം കാണിക്കുകയാണന്നും ചൂണ്ടിക്കാട്ടി ഡ്രൈവർമാരായ ആർ ബാജിയും മറ്റും സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും മറ്റും ചോരയും നീരുമാണ് കെഎസ്ആർടിസിയിൽ വരുമാനം ഉണ്ടാക്കുന്നത്. വരുമാനത്തിൽ നിന്ന് ആദ്യം നൽകേണ്ടത് ഇവരുടെ ശമ്പളമാണ്. അല്ലാത്തപക്ഷം കഷ്ടപ്പെടുന്നവർക്ക് വഞ്ചിക്കപ്പെട്ടെന്ന തോന്നലുണ്ടാകും. ധനസഹായം നൽകിയാൽ മാത്രം പോരെന്നും കെഎസ്ആർടിസിയുടെ ബാധ്യത പെരുകുന്ന സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. സാധാരണ തൊഴിലാളികളുടെ ശമ്പളം സമയത്ത് നൽകിയേ പറ്റൂ. ഇതു നടപ്പാക്കാതെ കാര്യക്ഷമത നേടാനാവില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, മിനിസ്റ്റീരിയൽ, സ്റ്റോർ ജീവനക്കാർക്ക് ശമ്പളം നൽകാതെ മേലുദ്യോഗസ്ഥർക്ക് ശമ്പളം നൽകരുതെന്നുള്ള മുൻ ഉത്തരവ് തുടരുമെന്നും കോടതി കൂട്ടിച്ചേർത്തു.